Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി സൂപ്പർ തിയറ്റർ! അവയവമാറ്റ ശസ്ത്രക്രിയയ്ക്കും സജ്ജം

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ ആധുനിക സൗകര്യത്തോടെയുള്ള 14 ശസ്ത്രക്രിയ തിയറ്ററുകൾ തയാറായി. കാർഡിയോ വാസ്കുലാർ സർജറി, യൂറോളജി, ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങൾക്കുള്ള ആധുനിക ശസ്ത്രക്രിയ തിയറ്ററും ഇന്റൻസീവ് കെയർ യൂണിറ്റുകളുമാണു സജ്ജമാക്കിയത്.

നിലവിൽ ഈ വിഭാഗങ്ങളുടെ വാർഡുകൾ ഇവിടേക്കു മാറ്റിയിരുന്നു. ഐസിയും തിയറ്ററും ഉൾപ്പെടെ പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ ഒരുക്കിയതോടെ 21 മുതൽ ഈ വിഭാഗങ്ങൾ പൂർണമായും ഇവിടേക്കു മാറ്റും. 7 നിലകളുള്ള പിഎംഎസ്എസ്‌വൈ ബ്ലോക്ക് പൂർണമായും അതോടെ പ്രവർത്തന സജ്ജമാകും. പിഎംഎസ്‌എസ്‌വൈ ബ്ലോക്കിലെ ആറാം നിലയിൽ തിയറ്ററുകളും അഞ്ചാം നിലയിൽ തീവ്ര പരിചരണ വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്.

എമർജൻസി മെഡിസിൻ വിഭാഗം 2023 മാർച്ചിൽ തന്നെ പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 5 സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങൾക്കൊപ്പം അനസ്തീസിയ വകുപ്പിന്റെ ഒരു വിഭാഗം കൂടി പിഎംഎസ്എസ്‌വൈ ബ്ലോക്കിലേക്കു മാറും. മെഡിക്കൽ കോളജ് ആശുപത്രിയിലെ തിയറ്റർ കോംപ്ലക്സിലാണ് എല്ലാ തിയറ്ററുകളും പ്രവർത്തിച്ചിരുന്നത്. സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളുടെ തിയറ്ററുകൾ പിഎംഎസ്‌‌എസ്‌വൈ കെട്ടിടത്തിലേക്കു മാറ്റുന്നതോടെ ജനറൽ സർജറി, എല്ലു രോഗ വിഭാഗം, ഇഎൻടി, നേത്ര രോഗ വിഭാഗം ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന തിയറ്ററിൽ നടക്കുക.

2023 മാർച്ച് നാലിനു മുഖ്യമന്ത്രി പിണറായി വിജയനാണ് പിഎംഎസ്എസ്‌വൈ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര വിഹിതമായി ലഭിച്ച 120 കോടി രൂപയും സംസ്ഥാന വിഹിതമായ 75.93 കോടി രൂപയും ചെലവഴിച്ചാണ് ഗവ. മെഡിക്കൽ കോളജിൽ പിഎംഎസ്എസ്‌വൈ ബ്ലോക്ക് പൂർത്തിയാക്കിയത്. എം.കെ.രാഘവൻ എംപി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു നൽകിയ പദ്ധതി പ്രകാരമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നത്. ഡോ. സി.രവീന്ദ്രൻ പ്രിൻസിപ്പലായിരുന്ന സമയത്തു തുടക്കമിട്ട പദ്ധതിക്കു ഡോ. എം.പി.ശ്രീജയനായിരുന്നു നോഡൽ ഓഫിസർ.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കും സജ്ജം
ഹൃദയം, വൃക്ക, കരൾ തുടങ്ങിയവ മാറ്റിവയ്ക്കുന്നതിനുള്ള ആധുനിക ശസ്ത്രക്രിയ തിയറ്ററുകളും ഓരോ വിഭാഗത്തിനുമായി 20 ഐസിയു കട്ടിലുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി 1985ൽ വൃക്ക മാറ്റിവച്ചത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലായിരുന്നു. ഇപ്പോഴും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. തിയറ്റർ തയാറാക്കിയതിനാൽ ഭാവിയിൽ ഹൃദയം, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ നടത്താനാകും.

Exit mobile version