Site icon Fourteen Kerala – 14 Kerala News

ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ ഒരുങ്ങി

കോഴിക്കോട് : ബേപ്പൂർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ (വേലിയേറ്റ മാപിനി കേന്ദ്രം) ഒരുങ്ങി. സർവേ ഓഫ് ഇന്ത്യ നേതൃത്വത്തിൽ പുതിയ വാർഫിന്റെ പടിഞ്ഞാറേ അറ്റത്താണു സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ പഠന സംവിധാനം സജ്ജമാക്കിയത്. സമുദ്ര നിരപ്പ്, വേലിയേറ്റം– വേലിയിറക്കം, കാലാവസ്ഥ, വെള്ളത്തിന്റെ ഗതിമാറ്റം, മഴയുടെ അളവ്, വായു മർദം, കാറ്റിന്റെ ദിശ, അന്തരീക്ഷ ഊഷ്മാവ് എന്നിവ നിർണയിക്കാനാണ് ഓട്ടമാറ്റിക് ഡിജിറ്റൽ ടൈഡ് ഗേജ് സ്റ്റേഷൻ. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം, റഡാർ ടൈഡ് ഗേജ്, പ്രഷർ സെൻസർ, മെറ്റ് സെൻസർ എന്നിവ അടങ്ങുന്നതാണ് തുടർച്ചയായി പ്രവർത്തിക്കുന്ന റഫറൻസ് സ്റ്റേഷൻ (സിഒആർഎസ്).

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന റഡാർ ടൈഡ് ഗേജ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു ഉപഗ്രഹ സംവിധാനത്തിലൂടെ ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫിസിൽ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതോടെ തുറമുഖത്തെ കാലാവസ്ഥ വ്യതിയാനങ്ങളും വേലിയേറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പെട്ടെന്ന് കണ്ടെത്താനും പ്രവചിക്കാനുമാകും.കേന്ദ്രീകൃത ടൈഡൽ സ്റ്റേഷൻ നിർമിച്ച് ഉപഗ്രഹ സംവിധാനത്തിലൂടെ വിവിധ തുറമുഖങ്ങളിലെ കാലാവസ്ഥാ വിവരങ്ങൾ കണ്ടെത്താനാണ് സർവേ ഓഫ് ഇന്ത്യ പദ്ധതി. കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ ബേപ്പൂരിൽ മാത്രമാണ് റഡാർ ടൈഡ് ഗേജ് സ്റ്റേഷനുള്ളത്.

ഇതുവഴി വെളിപ്പെടുന്ന വേലിയേറ്റ–വേലിയിറക്ക മുന്നറിയിപ്പ് കണക്കുകൾ പ്രകാരമായിരിക്കും ഇനി ആഴം കൂടുതലുള്ള കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുകയും പോകുകയും ചെയ്യുക. കടൽക്ഷോഭം, ഉയർന്ന തിരമാല, സൂനാമി എന്നിവ സംബന്ധിച്ച് മുൻകൂട്ടി വിവരം ലഭിക്കാനും പുതിയ സംവിധാനം സഹായകരമാകും. ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യ ജിയോഡേറ്റിക് ആൻഡ് റിസർച് ബ്രാഞ്ച് സർവേ ഓഫിസർമാരായ സഞ്ജയ് ഖാത്രി, ടി.ആർ.നോട്ടിയാൽ എന്നിവരുടെ നേതൃത്വത്തിലാണ് ബേപ്പൂരിൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

Exit mobile version