Site icon Fourteen Kerala – 14 Kerala News

ഷഹബാസ് വധക്കേസ്; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ, ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി

കോഴിക്കോട്: താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥിയെ കൂടി കസ്റ്റഡിയിലെടുത്ത് പൊലീസ്. കുറ്റാരോപിതരുടെ എണ്ണം ഇതോടെ ആറായി.ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് എത്തിച്ച ശേഷം താമരശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ ജുവൈനൽ ജസ്റ്റിസ് ഹോമിലാണ്. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തുള്ള സ്കൂളുകളെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിച്ചെങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോമിൽ നിന്ന് തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിക്കുകയായിരുന്നു.

കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ, കേസ് അന്വേഷിക്കുന്ന താമരശ്ശേരി പൊലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് തീരുമാനം. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനമാണ് ഈ നീക്കത്തിലേക്ക് നയിക്കുന്നത്. ഇയാള്‍ നേരത്തെ താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതിയാണ്.

ഇയാളുടെ ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡ്രൈവറാണ് ഇയാളിപ്പോള്‍. പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം താമരശേരി സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാര്‍ത്ഥിനിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version