Site icon Fourteen Kerala – 14 Kerala News

കാട്ടുതേനീച്ചകളുടെ കുത്തേറ്റ്‌ സ്ത്രീക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : കൊടുവള്ളി കാട്ടുതേനീച്ചകളുടെ കുത്തേറ്റ്‌ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. കിഴക്കെ പാലക്കാംകുഴിയിൽ ആയിഷ(62)യെ വീട്ടിൽവെച്ച് കാട്ടുതേനീച്ച കൂട്ടത്തോടെവന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ് അബോധാവസ്ഥയിൽ കിടന്ന ആയിഷയെ രക്ഷിക്കാൻവന്ന അയൽവാസി ഇർഫാനും(25) തേനീച്ചയുടെ കുത്തേറ്റു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആദ്യം വെണ്ണക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ആയിഷയുടെ മുഖത്താണ് കൂടുതലും കുത്തേറ്റത്. ഈ സമയം വീട്ടിലുണ്ടായിരുന്ന രണ്ടുസ്ത്രീകളും രണ്ടുകുട്ടികളും വീട്ടിനുള്ളിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നരിക്കുനി ഫയർസ്റ്റേഷനിൽനിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ചൂട്ടുകത്തിച്ച് തേനീച്ചകളെ തുരത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗം മുഹമ്മദ് ഷാഫിക്ക് മുഖത്ത് തേനീച്ചയുടെ കുത്തേറ്റു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാഗിൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിഖിൽ, അഭീഷ്, സത്യൻ, ബിബുൽ, ഹോംഗാർഡുമാരായ സുജിത്ത്, തോമസ് ജോൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version