Site icon Fourteen Kerala – 14 Kerala News

സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ആഭരണങ്ങൾ കവർന്ന കേസിൽ കൂട്ടുപ്രതി പിടിയിൽ

കോഴിക്കോട് : ചേവായൂരിൽ സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച്  9 പവനോളം ആഭരണങ്ങൾ കവർന്നെടുത്ത കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയെ പൊലീസ് പിടികൂടി. കളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷിനെ (അപ്പുട്ടൻ–26) ആണു ചേവായൂർ എസ്ഐ എസ്.എസ്.ഷാന്റെ നേതൃത്വത്തിൽ പൊലീസും സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. 

കഴിഞ്ഞ ജൂൺ ഒന്നിനു പ്രസന്റേഷൻ സ്കൂളിനു പിന്നിലെ വീട്ടിൽ നിന്നാണ് ആഭരണം കവർന്നത്. മുഖ്യപ്രതി ടിങ്കുവിനെ നവംബർ 18ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. അന്നു പൊലീസിനെ ആക്രമിച്ച പ്രതിയെ സാഹസികമായാണു പിടികൂടിയത്. ടിങ്കു കഞ്ചാവ്, സ്വർണ കവർച്ച, പെട്രോൾ ബങ്കിൽ നിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി അറുപതോളം കേസുകളിലെ മുഖ്യപ്രതിയും നേരത്തെ കാപ്പ ചുമത്തിയ പ്രതിയുമാണ്.

ഇപ്പോൾ പിടിയിലായ ജിതേഷ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വർഷം കുനിയിൽ കൊളക്കാടൻ കുടുബത്തിലെ ഒരാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. പൊലീസിനെ അക്രമിച്ച കേസിലും ജിതേഷ് പ്രതിയാണ്. ആഭരണങ്ങൾ ആർക്കാണ് നൽകിയതെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു സ്റ്റേഷൻ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു. 

മാവൂർ എസ്ഐ ജി.സന്തോഷ് കുമാർ, ചേവായൂർ എഎസ്ഐ എം.സജി, സീനിയർ സിപിഒമാരായ രാജീവ് കുമാർ പാലത്ത്,  അബ്ദുൾ അസീസ്, സിപിഒമാരായ സി.ഷംന, അരവിന്ദ്,  കൃഷ്ണ കിഷോർ, വി.പി.പ്രശോഭ്, പ്രഭുൽദാസ്, ശരത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Exit mobile version