Site icon Fourteen Kerala – 14 Kerala News

കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

കോഴിക്കോട് : ഓമശ്ശേരി കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടോടെ താഴെ ഓമശ്ശേരിയിലാണ് സംഭവം. ഓമശ്ശേരി -കൊടുവള്ളി റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന ജോലിക്കെത്തിയ നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീക്ക് (51) ആണ് അപകടത്തിൽപെട്ടത്. ഉച്ചഭക്ഷണത്തിനായി ജോലി നിർത്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിന്റെ പൽച്ചക്രത്തിനുള്ളിൽ കൈപ്പത്തി കുടുങ്ങുകയായിരുന്നു.

നാട്ടുകാർക്ക് രക്ഷപ്പെടുത്താൻ സാധിക്കാത്തതിനാൽ മുക്കം അഗ്നിരക്ഷാസേനയെ അറിയിച്ചു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് രക്ഷപ്പെടുത്തി.

സീനിയർ ഫയർ ഓഫിസർ എൻ.രാജേഷ്, സേനാംഗങ്ങളായ എം.സി.സജിത്ത് ലാൽ, കെ.അഭിനേഷ്, ജി.ആർ.അജേഷ്, എം.കെ.അജിൻ, എൻ.ശിനീഷ്, അനു മാത്യു, ശ്യാം കുര്യൻ, ജോളി ഫിലിപ്പ്, കെ.എസ്.വിജയകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version