Site icon Fourteen Kerala – 14 Kerala News

50 കുപ്പി വിദേശമദ്യവും നാലുലക്ഷംരൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കുന്ദമംഗലം : പുതുവർഷമാഘോഷിക്കാനായി കൊണ്ടുവന്ന 50 കുപ്പി പുതുച്ചേരി വിദേശമദ്യവും 6000-ത്തോളം പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ. കോന്നാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബുവിനെ (37)യാണ് സബ് ഇൻസ്പെക്ടർ നിതിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും സിറ്റി ക്രൈം സ്ക്വാഡുംചേർന്ന് വര്യട്ട്യാക്കിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ രണ്ടുവർഷത്തോളം വര്യട്ട്യാക്ക്-പെരിങ്ങൊളം റോഡിൽ വീട് വാടകയ്ക്കെടുത്ത് വൻതോതിൽ പുകയില ഉത്പന്നങ്ങളെത്തിച്ച് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. ഇവിടെനിന്ന് ആവശ്യക്കാർക്ക് കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഹരിവസ്തുക്കൾ എത്തിച്ചുനൽകുകയാണ് ഇയാൾ ചെയ്യുന്നത്.

പുതുവത്സരമാഘോഷിക്കാനായാണ് വൻതോതിൽ മദ്യവും ലഹരിവസ്തുക്കളും ഇവിടെയെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് മുൻപും ഇയാളുടെപേരിൽ വെള്ളയിൽ പോലീസ് സ്റ്റേഷനിലും കാക്കൂർ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. പിടികൂടിയ നിരോധിത പുകയില ഉത്പന്നത്തിന് വിപണിയിൽ നാലുലക്ഷത്തോളംരൂപ വിലവരുമെന്നും ഇത് എവിടെനിന്നെത്തിച്ചെന്നും ആർക്കെല്ലാമാണ് വിൽപ്പന നടത്തുന്നതെന്നും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ്. കിരൺ പറഞ്ഞു. എസ്.ഐ. ജിബിഷ്, സി.പി.ഒ. കെ. പ്രണവ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ. കെ. സുജിത്ത്, കെ.എം. ഷാലു, ജിനേഷ് ചൂലൂർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Exit mobile version