Site icon Fourteen Kerala – 14 Kerala News

വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കല്‍; ചക്കിട്ടപ്പാറയില്‍ സ്ഥലത്തിന്റെ രേഖാ പരിശോധന നടത്തി

ചക്കിട്ടപ്പാറ: പൂഴിത്തോട് ഭാഗത്തെ വനമേഖലയോടുചേര്‍ന്നുള്ള കൃഷിഭൂമി കര്‍ഷകരുടെ അപേക്ഷപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി രേഖാപരിശോധന നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി, മാവട്ടം, അണുങ്ങന്‍പാറ എന്നീ പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് വനംവകുപ്പ് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നത്.

വന്യ മൃഗശല്യവും കാര്‍ഷികവിളകളുടെ നാശവും കാരണം പ്രദേശത്ത് കൃഷിചെയ്യാന്‍ പറ്റത്ത അവസ്ഥയിലാണ് കൃഷിഭൂമി വനംവകുപ്പിന് കൈമാറാന്‍ കര്‍ഷകര്‍ തയ്യാറാകുന്നത്. 173 പേരാണ് ഭൂമി കൈമാറാന്‍ അപേക്ഷനല്‍കിയത്. ഇതില്‍ താളിപാറ, കരിങ്കണ്ണി എന്നീ മേഖലയിലെ 80-ഓളം പേരുടെ രേഖാ പരിശോധനയാണ് നടന്നത്. മാവട്ടം മേഖലയിലെയും നേരത്തെ പങ്കെടുക്കാന്‍ കഴിയാത്തവരുടെയും രേഖകള്‍ രണ്ടാംഘട്ടത്തില്‍ പരിശോധിക്കും.

സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപേക്ഷനല്‍കാന്‍ കഴിയാതെപോയ സ്ഥലത്തില്ലാത്തവരെയെല്ലാം ബന്ധപ്പെടും. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ വി ബിജു, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഇ ബൈജുനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, സ്ഥിരംസമിതി ചെയര്‍മാന്‍ സി കെ ശശി തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Exit mobile version