Site icon Fourteen Kerala – 14 Kerala News

ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ ഷൂട്ട്, ആൽവിൻ ഏക മകൻ, വടകര സ്വദേശിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് റീല്‍ ചിത്രീകരണത്തിനിടെ ഇരുപതുകാരന്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.

രണ്ട് വര്‍ഷം മുന്‍പാണ് ആല്‍വിൻറെ കിഡ്‌നിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നി​ഗമനം. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ വാഹനം ആൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ സുഹൃത്തുക്കൾ തന്നെ ആശുപത്രിയിൽ എത്തിക്കുകയായായിരുന്നു. പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ആൽവിന്‍റെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: ബിന്ദു. ആൽവിൻ ഏക മകനാണ്.

Exit mobile version