Site icon Fourteen Kerala – 14 Kerala News

കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിടിച്ചു; വടകരയിൽ വിദ്യാർത്ഥി മരിച്ചു

അഴിയൂർ: അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കന്ററി സ്‌കൂളിന് സമീപം കുന്നോത്ത് അൻസീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിനു സമീപം തയ്യിൽ കൊട്ടി കൊല്ലന്റവിട (ദറജയിൽ) റിൻശയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ് മരിച്ചത്.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇന്റർനാഷനൽ സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂട്ടുകാരോടൊത്ത് കളി കഴിഞ്ഞ് അഴിയൂരിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിക്കുകയായിരുന്നു. ചികിത്സക്കിടെയാണ് മരണം. മൃതദേഹം തലശ്ശേരി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

സഹോദരങ്ങൾ: സുഹാൻ,അബ്രാം, സിദ്റ. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ അഴിയൂർ ചുങ്കം മനയിൽ ബദരിയ മദ്രസയിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം പെരിങ്ങത്തൂരിലേക്ക് കൊണ്ട് പോയി. പ്രാർഥനയിൽ വൻ ജനാവലി പങ്കെടുത്തു.

Exit mobile version