Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂലായ് ഒന്നുമുതൽ 24 വരെയുള്ള കണക്കാണിത്.ജൂണിൽ 36 പേർക്കും മേയിൽ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. പുല്ലുകൾ, ചെടി എന്നിവയുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന പനിയാണിത്.
എലികളിൽനിന്നും മറ്റും ചെള്ളുവഴി പടരുന്ന ബാക്ടീരിയയാണിത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും. ചെള്ളിന്റെ കടിയേറ്റ് ബാക്ടീരിയ ശരീരത്തിൽ കടന്നാൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ കാണിക്കും.
കടിയേറ്റഭാഗത്ത് കറുപ്പുനിറം കാണാം. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ജൂലായിൽ ഇതുവരെ കൂടുതൽപേർക്ക് ചെള്ളുപനി ബാധിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -73 പേർ. കൊല്ലം -അഞ്ച്, പത്തനംതിട്ട -ഒന്ന്, ഇടുക്കി -ഒന്ന്, കോട്ടയം – രണ്ട്, എറണാകുളം -ഒന്ന്, പാലക്കാട് -മൂന്ന്, കോഴിക്കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റ്‌ ജില്ലകളിലെ കണക്ക്.

Exit mobile version