Site icon Fourteen Kerala – 14 Kerala News

കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയിലെ റോഡിൽ മുതല. മുതല റോഡിലൂടെ പോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.രത്‌നഗിരിയിലെ ചിപ്ലൂണിലെ റോഡിലാണ് എട്ട് അടിയോളം നീളമുള്ള മുതലയെ കണ്ടത്. വീഡിയോയിൽ മുതല വാഹനങ്ങൾക്കിടയിലൂടെ പോകുന്നത് കാണാം.ഒരു ഓട്ടോ ഡ്രൈവറാണ് വീഡിയോ ചിത്രീകരിച്ചത്. ചിപ്ലൂണിലൂടെ ഒഴുകുന്ന ശിവ നദി മുതലകളുടെ ആവാസ കേന്ദ്രമാണെന്നും മഴ ശക്തമായപ്പോൾ റോഡിലേക്ക് കയറിയതാണെന്നും നാട്ടുകാർ പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെയും മഴ ശക്തമായ സാഹചര്യത്തിൽ റോഡിൽ മുതല എത്തിയിരുന്നു. വിശ്വാമിത്രാ നദിക്ക് സമീപമുള്ള വഡോദരയിലാണ് മുതലയെ കണ്ടത്.മുതലയ്ക്ക് പന്ത്രണ്ട് അടിയോളം നീളമുണ്ടായിരുന്നു. വനം വകുപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പിടികൂടുകയായിരുന്നു. മഴക്കാലങ്ങളിൽ റോഡിൽ മുതലയെത്തുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം രത്നഗിരി ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തുടരുകയാണ്. മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജൂലൈ രണ്ട് വരെ രത്നഗിരിയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version