Site icon Fourteen Kerala – 14 Kerala News

പുനഃസംഘടനയെ ഗ്രൂപ്പുകൾ എതിർക്കുന്നതിനിടെ താരിഖ് അൻവർ തിരുവനന്തപുരത്ത്

പുനഃസംഘടനയെ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ എതിർക്കുന്നതിനിടെ എഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരുവനന്തപുരത്ത്. കോൺഗ്രസ് അംഗത്വവിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറിൽ താരിഖ് അൻവർ ഉദ്ഘാടനം ചെയ്യും. പുനഃസംഘടനയിൽ എതിർപ്പ് അറിയിച്ച് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. രമേശ് ചെന്നിത്തല കത്ത് മുഖേനയും എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഗ്രുപ്പ് നേതാക്കളുടെ എതിർപ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു. പുനഃസംഘടനയുമായി മുന്നോട്ട് പോകുമ്പോൾ സംസ്ഥാനത്തെ നേതാക്കളെക്കൂടി മുഖവലക്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന തീരുമാനമാണ് കെ പി സി സി നേതൃത്വത്തിന് ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്. ഈ അവസരത്തിലാണ് താരിഖ് അൻവറിന്റെ വരവ് പ്രസക്തമാകുന്നത്. ഇന്നലെ രാത്രിയോട് കൂടി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഗ്രൂപ്പുകളുടെ തർക്കം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകും.

Exit mobile version