Site icon Fourteen Kerala – 14 Kerala News

ഗൂഗിൽ മാപ്പിൽ മൂന്നാർ സെറ്റ് ചെയ്ത് യാത്ര; ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ മാപ്പ് നിശ്ചലമായി, കാർ തോട്ടിൽ വീണു

ചേർത്തല: ഗൂഗിൾ മാപ്പില്‍ വഴി നോക്കി സഞ്ചരിക്കുകയായിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കുള്ള ലൊക്കേഷൻ മാപ്പിൽ ഇട്ടുവന്ന തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ആലപ്പുഴയിൽ തോട്ടിൽ വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചേർത്തല-തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്ന് കൊല്ലം – ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു സംഘം. ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നിശ്ചലമായി. അവിടെ വെച്ച് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോള്‍ കാർ തോട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തി.

യാത്രക്കാർ ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തിയാണ് വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കിയത്. പിന്നീട് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽ നിന്നും വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും യുവാക്കളാണ്. ആർക്കും പരിക്കില്ല.

Exit mobile version