Site icon Fourteen Kerala – 14 Kerala News

വിവാഹമോചനം ഭയന്ന് കടുംകൈ; ടെക്കി യുവതി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

ചെന്നൈ: വിവാഹമോചനം ഭയന്ന് സോഫ്റ്റ് വേർ എൻജിനിയറായ യുവതി വേളാച്ചേരി മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്.നാലുവര്‍ഷംമുമ്പാണ് ശോഭ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചത്. മൂന്നുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ശോഭയ്ക്കും കാര്‍ത്തികിനും ഇടയില്‍ കഴിഞ്ഞ ആറുമാസമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയുന്നു.തുടര്‍ന്ന് കാര്‍ത്തിക് വിവാഹമോചനത്തിനുള്ള നടപടികളുമായി പോകുകയായിരുന്നു.

വിവാഹമോചന നടപടികളില്‍നിന്ന് പിന്മാറണമെന്ന് ശോഭ അഭ്യര്‍ഥിച്ചെങ്കിലും കാര്‍ത്തിക് വഴങ്ങിയില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടോടെ വേളാച്ചേരി മേല്‍പ്പാലത്തില്‍നിന്ന് ശോഭ ചാടുകയായിരുന്നു. പരിസരവാസികള്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വേളാച്ചേരി പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപ്പെട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷമാകാത്തതിനാല്‍ ആര്‍.ഡി.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version