Site icon Fourteen Kerala – 14 Kerala News

രഹസ്യബന്ധം, ബലാത്സംഗമെന്ന് കള്ളമൊഴി; ദമ്പതിമാരെ കൊന്ന കേസിൽ മരുമകൾക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട്: ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം തടവുശിക്ഷ. കേസിലെ ഒന്നാംപ്രതി എറണാകുളം വടക്കന്‍പറവൂര്‍ മന്നം ചോപുള്ളിവീട്ടില്‍ ഷഡാനന്ദന്‍ എന്ന വിജയന്‍ (അച്ചായന്‍-58), രണ്ടാംപ്രതിയും ദമ്പതിമാരുടെ മകന്റെ ഭാര്യയുമായ തോലനൂര്‍ പൂളയ്ക്കല്‍പറമ്പ് കുന്നിന്മേല്‍വീട്ടില്‍ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനന്തകൃഷ്ണ നാവട ശിക്ഷിച്ചത്.

ഒന്നാംപ്രതിക്ക് ഇരട്ട ജീവപര്യന്തവും 19 വര്‍ഷം കഠിനതടവും 3,35,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാംപ്രതിക്ക് ജീവപര്യന്തവും ഒമ്പതുവര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി.
2017 സെപ്റ്റംബര്‍ 13-നായിരുന്നു സംഭവം. വിമുക്തഭടന്‍ പൂളയ്ക്കല്‍പറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാമിനാഥനും പ്രേമകുമാരിയും ഷീജയെ നിരന്തരമായി വഴക്കു പറയുന്നതിലുള്ള വിരോധവും ഭര്‍ത്തൃവീട്ടില്‍ താമസിക്കുന്നതും ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്നതും ഒഴിവാക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.ഇതിനുപുറമേ ഷഡാനന്ദനുമായി ഷീജയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നതായും പോലീസും പ്രോസിക്യൂഷനും പറയുന്നു. ഈ വിവരം വീട്ടുകാരും അതുവഴി ഭര്‍ത്താവും അറിയുമെന്നും ഭയപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഭാവിയില്‍ വീട്ടില്‍ ഷഡാനന്ദനെ കാര്യസ്ഥനായി നിയമിച്ച് ബന്ധംതുടരാനും ഭര്‍ത്തൃവീട്ടുകാരുടെ സ്വത്തുക്കള്‍ കൈക്കലാക്കാനും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആസൂത്രിത കൊലപാതകം; പിന്നീട് തെളിവ് നശിപ്പിക്കല്‍ ; പാലക്കാട്: 2017 സെപ്റ്റംബര്‍ 13-നാണ് തോലനൂരില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. വിമുക്തഭടന്‍ തോലനൂര്‍ പൂളയ്ക്കപ്പറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (65) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. 13-ന് അര്‍ധരാത്രിക്കും പുലര്‍ച്ച നാലിനും ഇടയിലായിരുന്നു കൊലപാതകം.

വീടിനു പുറത്ത് കാത്തുനിന്ന ഒന്നാംപ്രതി ഷഡാനന്ദന് രണ്ടാംപ്രതി ഷീജ കിടപ്പുമുറിയിലെ ജനല്‍വഴി ഭര്‍തൃമാതാപിതാക്കളുടെ നീക്കങ്ങള്‍ യഥാസമയം അറിയിച്ചുകൊടുത്തിരുന്നു. മാതാപിതാക്കള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം മുന്‍നിശ്ചയപ്രകാരം ഷീജ ഒന്നാംപ്രതിക്ക് അടുക്കളവാതില്‍ തുറന്നുകൊടുത്തു.ഉറങ്ങിക്കിടന്നിരുന്ന സ്വാമിനാഥനെയും പ്രേമകുമാരിയെയും ഷഡാനന്ദന്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും ചുറ്റികകൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.മുറിയിലുണ്ടായിരുന്ന പെട്ടി തുറന്ന് സ്വാമിനാഥന്‍ സൂക്ഷിച്ചിരുന്ന 23,000 രൂപയും പ്രേമകുമാരിയുടെ 28 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയും 26 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണവളകളും എടുത്തു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമായി ഷീജയുടെ സ്വര്‍ണാഭരണങ്ങളും പ്രതിക്ക് ഊരിനല്‍കി.

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ വാരിവിതറി. വീടിനുള്ളിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറി. കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ കിണറ്റിലെറിഞ്ഞും ഒളിപ്പിച്ചും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനുശേഷം ഷഡാനന്ദന്‍ ഷീജയുടെ കൈയും കാലും ബന്ധിച്ചു. തന്നെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് ഷീജ അന്നു കളവായി പറഞ്ഞത്.കൊലപാതകത്തിനുമുമ്പ് രണ്ടുപേരും ചേര്‍ന്ന് ഷഡാനന്ദന്റെ തേനൂരിലുള്ള വാടകവീട്ടില്‍വെച്ചും ഷീജയുടെ പൂളയ്ക്കല്‍പ്പറമ്പിലുള്ള തറവാട്ടുവീട്ടില്‍വെച്ചും തേനൂരിലുള്ള സ്വവസതിയില്‍വെച്ചും നേരിട്ടും അല്ലാതെയും ഗൂഢാലോചന നടത്തിയിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഷീജയുടെ ഭര്‍തൃപിതാവിനെ കൊലചെയ്യാന്‍ ശ്രമിച്ചതായി നേരത്തെയും പരാതിയുണ്ടായിരുന്നു. വീടിന്റെ ഗേറ്റില്‍ വൈദ്യുതിഷോക്ക് വെച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ഈ കേസിന്റെ അന്വേഷണം ഇവരിലേക്കെത്തുമെന്നും പ്രതികള്‍ ഭയപ്പെട്ടിരുന്നു.ഷീജയെ വൈദ്യപരിശോധന നടത്തിയ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. അഞ്ജലി പ്രകാശിന്റെ ശാസ്ത്രീയതെളിവും പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് പരിസരവാസികള്‍ നല്‍കിയ സൂചനകളുമാണ് കേസില്‍ വഴിത്തിരിവായത്.

Exit mobile version