Site icon Fourteen Kerala – 14 Kerala News

ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതി

ജയ്പുര്‍: ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞ 15 വര്‍ഷമായി ഭര്‍ത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ഭര്‍തൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ എതിര്‍ത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലര്‍ത്തിനല്‍കി. തുടര്‍ന്നാണ് ഭര്‍തൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരിക്കല്‍ ഭര്‍ത്താവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version