Site icon Fourteen Kerala – 14 Kerala News

കൊടുംചൂടിൽ മണിക്കൂറുകളോളം നിർത്തിച്ചു,കുഴഞ്ഞുവീണ് കുട്ടികൾ;പ്രതിഷേധത്തിനൊടുവിൽ മാപ്പുപറഞ്ഞ് പ്രഭുദേവ

ലോകറെക്കോഡ് ലക്ഷ്യമിട്ട് ചെന്നൈയിൽ സംഘടിപ്പിച്ച നൃത്തപരിപാടി അലങ്കോലമായതിൽ നടനും നൃത്തസംവിധായകനും സംവിധായകനുമായ പ്രഭുദേവയ്ക്കെതിരെ ശക്തമായ പ്രതിഷേധം. കൊടുംചൂടിൽ കുട്ടികളുൾപ്പെടെ അയ്യായിരത്തോളം നൽത്തകരാണ് പ്രഭുദേവയെ മണിക്കൂറുകളോളം കാത്തുനിന്നത്. താരം ചടങ്ങിനെത്താൻ വൈകിയതോടെ ഇതിൽപ്പെട്ട ചില കുട്ടികൾ ചൂടേറ്റ് തളർന്നുവീണതാണ് പ്രതിഷേധത്തിന് കാരണം.

പ്രഭുദേവയുടെ ​ഗാനങ്ങൾക്കനുസരിച്ച് തുടർച്ചയായി 100 മണിക്കൂർ നൃത്തം ചെയ്യുന്ന പരിപാടിയാണ് മേയ് രണ്ടിന് ചെന്നൈയിൽ സംഘടിപ്പിച്ചത്. രാജരത്നം സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഭുദേവ എത്തുമെന്നറിയിച്ചിരുന്നു. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത കുട്ടികളെ രാവിലെ മുതൽ തന്നെ സംഘാടകർ വരിനിർത്തി. എന്നാൽ പ്രഭുദേവ എത്താൻ വൈകിയതോടെ പല കുട്ടികളും കഠിനമായ വെയിലിൽ തളർന്നുവീണു.

ഇതോടെ രോഷാകുലരായ മാതാപിതാക്കൾ സംഘാടകരോട് തട്ടിക്കയറുകയും പ്രഭുദേവയെ ശകാരിക്കുകയുംചെയ്തു. സംഭവം വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയായി. അപ്പോഴാണ്‌
പ്രഭുദേവ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നെന്നും നൃത്തപരിപാടിക്കേ എത്തില്ലെന്നും വ്യക്തമായത്. ഇതോടെ സം​ഗതി കൂടുതൽ വഷളായി. പിന്നീട് ലോകറെക്കോർഡിനുവേണ്ടി നടത്താനിരുന്ന പരിപാടി ചടങ്ങുമാത്രമാക്കി പിരിയുകയായിരുന്നെന്നാണ് റിപ്പോർട്ട്.

പിന്നാലെ സം​ഭവത്തിൽ മാപ്പുചോദിച്ച് പ്രഭുദേവതന്നെ രം​ഗത്തെത്തി. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറയുന്നു. ഇതുപോലൊരു പരിപാടിക്ക് വരാൻപറ്റാതിരുന്നതിൽ ഖേദമുണ്ട്. നർത്തകരുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നു. എല്ലാവരേയും നേരിൽക്കാണാൻ ശ്രമിക്കുന്നുണ്ടെന്നും പ്രഭുദേവ പറഞ്ഞു.

എൻഎസ് മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭുദേവയുടേതായി വരാനിരിക്കുന്നത്. പ്രഭുദേവയും എആർ റഹ്മാനും ഏറെക്കാലത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണിത്. അർജുൻ അശോകൻ, അജു വർ​ഗീസ്, യോ​ഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിൽ. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനംചെയ്യുന്ന കത്തനാരിലും പ്രഭുദേവ സുപ്രധാനവേഷത്തിലുണ്ട്.

Exit mobile version