Site icon Fourteen Kerala – 14 Kerala News

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരേ കുടുംബം. കസ്റ്റഡിയിലിരിക്കെ മരിച്ച അനൂജ് തപനെ പോലീസ് കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. മുംബൈയ്ക്ക് പുറത്തുവെച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അനൂജ് തപന്റെ സഹോദരന്‍ അഭിഷേക്ക് തപനാണ് പോലീസിനെതിരേ ആരോപണമുന്നയിച്ചത്. 6-7 ദിവസംമുമ്പ് മുംബൈ പോലീസ് അനൂജിനെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. ഇന്ന് അനൂജ് ആത്മഹത്യ ചെയ്തുവെന്ന ഫോണ്‍ വന്നു. അനൂജ് ആത്മഹത്യ ചെയ്യില്ല. പോലീസ് അവനെ കൊന്നതാണ്. ഞങ്ങള്‍ക്ക് നീതി കിട്ടണം, സഹോദരന്‍ ആവശ്യപ്പെട്ടു.

കേസില്‍ കുറ്റംചുമത്തപ്പെട്ടവര്‍ കൂലിവേലക്കാരായ സാധാരണക്കാരാണെന്നും അനൂജിന്റെ മരണം ആത്യഹത്യയാക്കിമാറ്റുകയായിരുന്നെന്നും ഗ്രാമത്തലവന്‍ മനോജ് ഗോദര ആരോപിച്ചു. കേസിൽ ആദ്യംമുതല്‍ത്തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അനൂജ് ട്രക്ക് ഡ്രൈവറുടെ സാഹായിയായി ജോലിചെയ്യുകയായിരുന്നു. ആരെയും അറിയിക്കാതെ മുംബൈ പോലീസ് അനൂജിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണ് കുടുംബത്തെ വിവരമറിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 26-നാണ് പഞ്ചാബില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അനൂജ് തപന്‍ മേയ് ഒന്നിനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നെന്നാണ് മുംബൈ പോലീസിന്റെ വിശദീകരണം. നടന്റെ വീടിനുനേരെ വെടിവെച്ചവർക്ക് ആയുധം വിതരണം ചെയ്ത രണ്ടുപേരില്‍ ഒരാളാണ് തപന്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടനെ മുംബൈ ജി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.

അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രില്‍ 26 ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.

Exit mobile version