Site icon Fourteen Kerala – 14 Kerala News

അമ്മയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ശ്രീകാന്ത്, കേസിലെ പ്രതിയായ ധനീഷിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ കാര്‍ കത്തിച്ച സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപിന്നിലും കൊലക്കേസ് പ്രതി ധനീഷ് തന്നെയാണെന്നാണ് പ്രാഥമികനിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തി(47)നെ കണ്ണന്‍കടവില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ഇതുവഴിയെത്തിയ യുവതിയാണ് ശ്രീകാന്ത് വെട്ടേറ്റ് റോഡരികില്‍ ചോരയില്‍കുളിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. കഴുത്തിന് തൊട്ടുതാഴെയും രണ്ടു കൈകളിലും വയറിലുമാണ് ശ്രീകാന്തിന് വെട്ടേറ്റിരുന്നത്. ഓട്ടോയിലിരിക്കെ വെട്ടേറ്റപ്പോള്‍ ശ്രീകാന്ത് ഇറങ്ങിയോടിയെന്നും ഇതിനിടെയാണ് റോഡരികില്‍ വീണതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഏപ്രില്‍ 26-ന് ഇതേസ്ഥലത്തുവെച്ച് ശ്രീകാന്തിന്റെ കാറും പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ഈ സംഭവത്തില്‍ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്.

ശ്രീകാന്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെയാണ് പ്രതി ധനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കൃത്യം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സംശയത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ധനീഷിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

Exit mobile version