Site icon Fourteen Kerala – 14 Kerala News

കെ കെ ശൈലജയ്ക്കെതിരായ സൈബർ അധിക്ഷേപം; വീണ്ടും കേസെടുത്ത് പൊലീസ്

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോടിനെതിരെയാണ് കേസെടുത്തത്. സമൂഹമാധ്യത്തിലൂടെ ശൈലജയ്ക്കെതിരെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചെന്ന കേസിൽ നേരത്തേ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരും കേസെടുത്തു.

സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസും കേസെടുത്തിട്ടുണ്ട്. തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും കഴിഞ്ഞ ദിവസം ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം ഉയർന്നു. സഹതാപവോട്ടു കിട്ടാൻ ഇടതു സ്ഥാനാർഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. ‘അശ്ലീല ചിത്രം’ എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും ‘അശ്ലീല വിഡിയോ സൃഷ്ടിച്ചു’ എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.

Exit mobile version