Site icon Fourteen Kerala – 14 Kerala News

തൊഴിലാളികൾ പണിമുടക്കി; വലിയങ്ങാടിയിൽ ചരക്കുനീക്കം നിലച്ചു

കോഴിക്കോട് : കൂലിവർധന ആവശ്യപ്പെട്ട് വലിയങ്ങാടിയിലെ അടുക്ക്-മറിപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ സൂചനാപണിമുടക്കിൽ ചരക്കുനീക്കം നിലച്ചു. ലോറികളിൽനിന്ന് ചരക്കിറക്കാൻ കഴിയാത്തത് വ്യാപാരമേഖലയെ സ്തംഭിപ്പിച്ചു. വലിയങ്ങാടിയിൽനിന്ന് കയറ്റുമതിയും നടന്നില്ല. കോഴിക്കോട്ടെത്തന്നെ ഏറ്റവുംവലിയ വ്യാപാരകേന്ദ്രത്തിൽ സാധനങ്ങളെടുക്കാനെത്തിയ ചിലർ അതിനുപറ്റാതെ മടങ്ങിപ്പോകേണ്ടിവന്നു.

രണ്ടുവർഷം കൂടുമ്പോഴുള്ള കൂലിവർധന മുടങ്ങിയതാണ് പണിമുടക്കിലേക്ക് നയിച്ചത്. അഞ്ചുമാസമായിട്ടും നടപടിയുണ്ടായില്ലെന്നും വിഷു, പെരുന്നാൾ എന്നിവയെ ബാധിക്കാത്ത രീതിയിലാണ് പണിമുടക്ക് നടത്തിയതെന്നും തൊഴിലാളികൾ വ്യക്തമാക്കി. മേയ് രണ്ടിന് ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാപാരികൾ ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാനാണ് സംയുക്തസമിതിയുടെ തീരുമാനം.

ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു.) ജില്ലാസെക്രട്ടറി സി. നാസർ പ്രതിഷേധം ഉദ്ഘാടനംചെയ്തു. മൂസ പന്തീരാങ്കാവ്(ഐ.എൻ.ടി.യു.സി.), അബ്ദു(എസ്.ടി.യു.), രമേശൻ (എ.ഐ.ടി.യു.സി.), ലത്വീഫ് (എസ്.എൽ.എം.എ.ടി.യു.), കോ-ഓർഡിനേഷൻ കൺവീനർ എം.വി. സമീർ എന്നിവർ സംസാരിച്ചു. എന്നാൽ, പണിമുടക്ക് തീർത്തും ധിക്കാരപരമായ നടപടിയാണെന്നും ചരക്കുനീക്കം സ്തംഭിപ്പിച്ച് തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കാലിക്കറ്റ് ഫുഡ് ഗ്രേൻസ് മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി പി.എം. ബഷീർ അഹമ്മദ് പറഞ്ഞു.

Exit mobile version