Site icon Fourteen Kerala – 14 Kerala News

ഒന്നിച്ച് ജീവനൊടുക്കാൻ തീരുമാനം, ഒടുവിൽ ഭാര്യക്ക് കുരുക്കിട്ട് കൊടുത്ത് ഭർത്താവ് പിന്മാറി, അറസ്റ്റ്

റാന്നി : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിൽ കാവുങ്കൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യയാണ് (35) മരിച്ചത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ, ഫാനിൽ കയർ കെട്ടി, തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയിട്ട് സുനിൽ പിന്മാറുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി സൗമ്യയുടെ അച്ഛൻ എരുമേലി തെക്ക് എലിവാലിക്കര തൈപുരയിടത്തിൽ ശശി(61)യാണ് വെച്ചൂച്ചിറ പോലീസിൽ മൊഴി നൽകിയത്. സൗമ്യ മരിച്ചവിവരം സുനിൽകുമാറാണ് ശശിയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. ശശിയുടെ മൊഴിയിൽ വെച്ചൂച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള അന്വേഷണത്തിലാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

പോലീസ് ഇൻസ്പെക്ടർ ആർ. റോജ്, എസ്.ഐ. രതീഷ് കുമാർ, എസ്.സി.പി.ഒ. പി.കെ. ലാൽ, സി.പി.ഒ. അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. സൗമ്യ മുക്കൂട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. സുനിൽ സ്വകാര്യവാഹനങ്ങളിൽ ഡ്രൈവറായി പോകുമായിരുന്നു.

Exit mobile version