Site icon Fourteen Kerala – 14 Kerala News

ഇത് തിരഞ്ഞെടുപ്പ് കാലം; പോലീസിന് കണ്ടെത്തണം 131 വയസ്സുള്ള പിടികിട്ടാപ്പുള്ളിയെ

കോഴിക്കോട്: തിരഞ്ഞെടുപ്പടുത്തപ്പോള്‍ പിടികിട്ടാപ്പുള്ളികളെ പിടിക്കാനിറങ്ങിയ പോലീസിന് 131 വയസ്സുള്ളൊരാളെയും കണ്ടെത്തണം! കോഴിക്കോട് ടൗണ്‍ പോലീസില്‍ ക്രൈം നമ്പര്‍ മൂന്നായി 1967-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ എടക്കാട് സ്വദേശിയായ എരഞ്ഞോളി നാലുപറമ്പില്‍ വാസുവിനെയാണ് കണ്ടെത്തേണ്ടത്. 1973-ലാണ് വാസുവിന്റെ കേസ് ലോങ് പെന്‍ഡിങ് (എല്‍.പി.) വാറന്റാകുന്നത്. അന്ന് 80 വയസ്സ്.

എല്ലാ തിരഞ്ഞെടുപ്പുകാലത്തും എല്‍.പി. കേസില്‍ വാറന്റുള്ള വാസുവിനെത്തേടി പോലീസ് ഈ സ്ഥലത്ത് പോകാറാണ് പതിവ്. ആളെ കണ്ടെത്താനോ മരണസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിയാത്തതിനാലാണ് ഇപ്പോഴും കേസില്‍ തുടരുന്നത്. മേല്‍വിലാസക്കാരനെയോ ബന്ധുക്കളെയോ കണ്ടെത്താനായില്ലെന്നാണ് ടൗണ്‍ പോലീസ് നല്‍കുന്ന വിശദീകരണം.

1967-ല്‍ ടൗണ്‍ പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത മൂന്നു കേസുകളിലൊന്നിലെ പ്രതിയാണ് വാസു. വിശ്വാസവഞ്ചനയാണ് കുറ്റം. രണ്ടാമത്തേത് ഇതേവര്‍ഷം രാത്രി ഒരു വീട്ടില്‍ കവര്‍ച്ചനടത്തിയ കേസാണ്. കോഴിക്കോട് സ്വദേശിയായ ഉളിക്കല്‍ ഹൗസില്‍ ജോര്‍ജ് എന്നയാളാണ് പ്രതി. ഈ മേല്‍വിലാസവും ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 57 വര്‍ഷം മുമ്പുള്ള മറ്റൊരു വിശ്വാസവഞ്ചനക്കേസാണ് മൂന്നാമത്തേത്. ഇതിലെ പ്രതി കോഴിക്കോട് ഈസ്റ്റ് നടക്കാവ് സ്വദേശിയായ ശ്രീനിവാസനാണ്. അദ്ദേഹത്തെക്കുറിച്ചും മറ്റുവിശദാംശങ്ങളും ടൗണ്‍ പോലീസിലില്ല.

പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരെയും വാറന്റ് ഉണ്ടായിട്ടും പോലീസില്‍ കീഴടങ്ങുകയോ കോടതിയില്‍ ഹാജരാവുകയോ ചെയ്യാത്തവരെയും അറസ്റ്റ്‌ചെയ്യാന്‍ തീരുമാനമായതോടെയാണ് പ്രതികളെത്തേടി പോലീസ് വീണ്ടുംഇറങ്ങിയത്.

Exit mobile version