Site icon Fourteen Kerala – 14 Kerala News

പറന്നിറങ്ങി, ആവേശംവിതറി രാഹുല്‍ഗാന്ധി

നീലഗിരിയിലെ അരിച്ചിറങ്ങുന്ന തണുപ്പുമാഞ്ഞ് വെയില്‍ ചുട്ടുപൊള്ളിത്തുടങ്ങുമ്പോഴാണ് താളൂരിലെ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. പറഞ്ഞതിനെക്കാളും അരമണിക്കൂറിലധികം വൈകിയെങ്കിലും കാത്തുനിന്ന പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ആവേശംവിതറിയാണ് വരവ്. കോളേജ് ഗ്രൗണ്ടിലിറങ്ങി വാഹനത്തില്‍ കയറിയപ്പോള്‍ അപ്പുറത്ത് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്നു. മുന്‍കൂട്ടിനിശ്ചയിച്ച പരിപാടിയല്ലെങ്കിലും കാണാതെപോവില്ലെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. വാഹനത്തില്‍ കയറി നേരേ കുട്ടികള്‍ക്കിടയിലേക്ക്. പുഞ്ചിരിയോടെ വന്നിറങ്ങിയ രാഹുലിനെ ആരവംമുഴക്കി അവര്‍ സ്വീകരിച്ചു. കൈകൊടുത്തും സെല്‍ഫിയെടുത്തും അല്പനേരം അവര്‍ക്കൊപ്പം. 10 മിനിറ്റോളം അവിടെ ചെലവഴിച്ച് തൊട്ടടുത്തുള്ള ചര്‍ച്ച് ഓഡിറ്റോറിയത്തിലേക്ക്. തോട്ടംതൊഴിലാളികളുമായി സംവദിച്ചു. അതുകഴിഞ്ഞ് എ. രാജയുടെ മണ്ഡലത്തില്‍നിന്ന് നേരേ റോഡുമാര്‍ഗം സ്വന്തംമണ്ഡലമായ വയനാട്ടിലേക്ക്. 10 മണിക്ക് റോഡ്ഷോ തീരുമാനിച്ചതാണെങ്കിലും നീലഗിരിയിലെ പരിപാടികള്‍ കഴിഞ്ഞെത്തുമ്പോഴേക്കും 11.10 ആയി. അസംപ്ഷന്‍ ജങ്ഷനില്‍നിന്ന് തുറന്നവാഹനത്തില്‍ മറ്റുനേതാക്കള്‍ക്കൊപ്പം റോഡ്ഷോ പുറപ്പെട്ടു. പാതയുടെ ഇരുവശത്തും രാഹുലിനെ കാണാനായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. 11.30-ഓടെ കോട്ടക്കുന്നിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിനു സമീപത്ത് റോഡ്ഷോ സമാപിച്ച് 15 മിനിറ്റ് പ്രസംഗം. വന്യമൃഗശല്യംമുതല്‍ രാത്രിയാത്രാനിരോധനവും മെഡിക്കല്‍ കോളേജ് വിഷയവുമുള്‍പ്പെടെ എല്ലാമേഖലകളും സ്പര്‍ശിച്ചു.

രാഹുല്‍ഗാന്ധി പുല്‍പ്പള്ളിയിലെത്തുമ്പോള്‍ സമയം 12.30. വയനാട്ടിലെ ഏറ്റവുംചൂടുകൂടിയ പ്രദേശത്ത് വെയില്‍ നെറുകയില്‍ കത്തുകയാണ്. അതിലേറെ പൊള്ളുന്ന മനുഷ്യരുടെ വിഷയങ്ങളുമുണ്ടവിടെ. അവര്‍ക്കിടയിലേക്കാണ് അദ്ദേഹം വന്നിറങ്ങിയത്. താഴെയങ്ങാടിയില്‍ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗണിലേക്ക്. സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് വ്യത്യസ്തമായി മുകള്‍ഭാഗം തുറന്ന കാറിലാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തത്. ആര്‍ത്തുവിളിച്ചും കൈവീശിയും അഭിവാദ്യംചെയ്ത് വഴിയിലുടനീളം കാത്തുനിന്ന പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റു. ചുട്ടുപൊള്ളുന്ന വെയില്‍ കാത്തുനിന്നവരെ തളര്‍ത്തിയില്ല. പാര്‍ട്ടിപ്പതാക ഒഴിവാക്കി, രാഹുല്‍ഗാന്ധിയുടെ ചിത്രംപതിച്ച പ്ലക്കാര്‍ഡുകളും ബലൂണുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Exit mobile version