Site icon Fourteen Kerala – 14 Kerala News

31 പോളിങ് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകള്‍

മയ്യഴി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹി അസംബ്ലി മണ്ഡലത്തിലെ 31 പോളിങ് ബൂത്തുകളും ഇത്തവണ വനിതകള്‍ നിയന്ത്രിക്കും. ഇതുവഴി മയ്യഴിയും ഈ വനിതാ ഉദ്യോഗസ്ഥരും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 19-നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

ഈ മുന്നേറ്റത്തിന് പരിശ്രമിച്ചത് ഈ അടുത്ത് മയ്യഴിയുടെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ അസി. റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡി. മോഹന്‍കുമാറാണ്. മയ്യഴിയിലെ ഉദ്യോഗസ്ഥ സമൂഹവും രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുണ നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരവും നല്‍കി.

തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 75 ശതമാനത്തിലേറെ ഉദ്യോഗസ്ഥര്‍ വനിതകളാണെന്നു മനസ്സിലായതോടെയാണ് ഈ ദൗത്യവുമായി മുന്നോട്ടുപോയതെന്നും ഇതിന് നല്ല പിന്തുണ ലഭിച്ചുവെന്നും ഡി. മോഹന്‍കുമാര്‍ പറഞ്ഞു. മാഹിയിലെ 31,038 വോട്ടര്‍മാരില്‍ ഭൂരിപക്ഷവും വനിതകളാണ്. പുരുഷന്മാരെക്കാള്‍ 2312 വനിതകള്‍ കൂടുതലാണ്. 16,675 വനിതാ വോട്ടര്‍മാരും 14,363 പുരുഷ വോട്ടര്‍മാരുമാണ്.

ഇത്തവണ ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരുമടക്കം നാല് ഉദ്യോഗസ്ഥകളാണ് ഒരു പോളിങ് ബൂത്ത് നിയന്ത്രിക്കുക. 31 ബൂത്തുകളിലുമായി 123 വനിതാ ഓഫീസര്‍മാരുണ്ടാവും. ഇതിനുപുറമേ റിസര്‍വായി ഏതാനും വനിതാ ഓഫീസര്‍മാരുമുണ്ട്. എല്ലാ ബൂത്തുകളിലും ഒരു വനിതാ പോലീസിന്റെ സേവനവും ലഭ്യമാക്കുന്നു. കൂടുതല്‍ വനിതകളടങ്ങിയ പോലീസ് സേനയെ പുതുച്ചേരിയില്‍നിന്ന് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ഉദ്യോഗസ്ഥകള്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം പൂര്‍ത്തിയായി. ഒരു ദിവസംകൂടി പരിശീലനം നല്‍കും. അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ എം. സദാനന്ദന്‍, ടി. ഷിജിത്ത് എന്നിവരും ഡോ. പി. രവീന്ദ്രനുമാണ് പരിശീലനം നല്‍കുന്നത്.

തിരഞ്ഞെടുപ്പ് ജോലിചെയ്യാന്‍ ആത്മവിശ്വാസമുള്ളതായി പ്രിസൈഡിങ് ഓഫീസര്‍ പരിശീലനം ലഭിച്ച പള്ളൂര്‍ വി.എന്‍.പി. സ്‌കൂളിലെ അധ്യാപിക കെ.കെ. സ്‌നേഹപ്രഭ പറഞ്ഞു.

Exit mobile version