Site icon Fourteen Kerala – 14 Kerala News

ഇടത് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം സ്വീകരണത്തിന് പോകാനാണ് മേറ്റ് നിർദേശം നൽകിയത്. കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പർ പറഞ്ഞതനുസരിച്ചാണ് തൊഴിലാളികൾക്ക് നിർദേശം നൽകിയതെന്നാണ് മേറ്റ് ജ്യോതി പറയുന്നത്. നേരത്തേ ഇടതു സർക്കാറിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമാനമായ നിർദേശം നൽകിയതും വാർത്തയായിരുന്നു.

Exit mobile version