Site icon Fourteen Kerala – 14 Kerala News

അതിഥിത്തൊഴിലാളിയായ ഒഡിഷക്കാരി കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: പൂച്ചാക്കലിൽ ഒഡിഷ സ്വദേശിയായ സ്ത്രീ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലിചെയ്തുവന്നിരുന്ന ഒഡിഷ കണ്ഠമല്‍ ചെന്‍ചെടി ബന്ധബജു സ്വദേശി സ്വാതി സാഹുവിന്റെ മകള്‍ റിതിക സാഹു (25) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്ത് ഒഡിഷ കണ്ടമല്‍ റമിനി ഗുഡ സ്വദേശി സാമുവല്‍ രൂപമതിയാണ് അറസ്റ്റിലായത്.

ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെ ചേർത്തല പാണാവള്ളി പെരുമ്പളം കവലക്ക് സമീപമുള്ള ഫുഡ്‌കോ കമ്പനിക്കുള്ളിൽ കടന്ന പ്രതി തൊഴിലാളിയായ റിതികയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ നാലിന് യുവതി മരണപ്പെട്ടു. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമിനി ഗുഡയില്‍ നിന്നാണ് പിടികൂടിയത്.

പൂച്ചാക്കല്‍ പോലീസ് ഇന്‍സ്പക്ടര്‍ എന്‍.ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട റിതികയും പ്രതി സാമുവലും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നെന്നും റിതിക ബന്ധത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

Exit mobile version