Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും അപകടം: മൂന്നുപേർക്ക് പരിക്ക്

പേരാമ്പ്ര : നഗരത്തിലെ ബൈപ്പാസിൽ മൂന്നുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്. പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിക്കടുത്തുള്ള ചെമ്പ്രറോഡ് കവലയ്ക്ക് സമീപത്താണ് കാർ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞത്.

കാറിലുണ്ടായിരുന്ന കല്ലോട് കൈപ്രം റോഡിൽ കുന്നത്തുകുനി പുതുക്കാട്ട് കടുപ്പിൽ ആദർശ് (20), എടവരാട് കുഴിപറമ്പിൽ ആദിത്യൻ (19), പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന കാവുന്തറ അരിക്കത്ത് അഷറഫ് (54) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈപ്പാസ് റോഡിലൂടെ കക്കാട് ഭാഗത്തുനിന്ന് വന്ന കാർ ചെമ്പ്രറോഡിലെ കവലയെത്തുന്നതിന് തൊട്ടുമുമ്പ് പിക്കപ്പ് ജിപ്പിന്റെ മുൻഭാഗത്തിടിച്ച് വീടിന്റെ പിൻഭാഗത്തെ പറമ്പിലേക്ക് മറിയുകയും കവുങ്ങിൽതട്ടി നിൽക്കുകയുമായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പിക്കപ്പ് ജീപ്പിന് പിന്നിൽ റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറുകളും മറിഞ്ഞുവീണ് വാഹനത്തിനടിയിലായി. വെള്ളിയാഴ്ച വൈകീട്ട് ബൈപ്പാസ് റോഡിൽ കല്ലോട് തിരുവോത്ത് ഭാഗത്തെ കയറ്റത്തിലും വാഹനാപകടമുണ്ടായി. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽവന്ന ജീപ്പിടിച്ച് കുറ്റ്യാടി സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്.

Exit mobile version