Site icon Fourteen Kerala – 14 Kerala News

ബസില്‍ കൂടെവരാത്തതിന് യുവാവിനെ സ്റ്റാന്‍ഡിലിട്ട് മര്‍ദിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

അടൂര്‍: കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്കുപരിക്കേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുശ്ശേരിഭാഗം വയല കപ്രയ്യത്ത് വീട്ടില്‍ ബെജിന്‍ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ അഖില്‍ (22), അടൂര്‍ മലമേക്കര കടയ്ക്കല്‍ തെക്കേതില്‍ വീട്ടില്‍ വിഷ്ണു (23) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറത്ത് മഹര്‍ഷിക്കാവ് മഹേഷ് ഭവനത്തില്‍ മഹേഷ് (36) നാണ് മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടിന് അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനുള്ളില്‍വെച്ചാണ് സംഭവമുണ്ടായത്. മഹേഷിനെ തന്റെ കൂടെ ബസില്‍ വരാന്‍ ബെജിന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, മഹേഷ് കൂടെ ചെല്ലാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നുള്ള പ്രകോപനത്തില്‍ ബെജിന്‍ പാറക്കല്ല് ഉപയോഗിച്ച് മഹേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ബെജിന് ഒപ്പം ചേര്‍ന്ന് മഹേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. അടൂര്‍ സി.ഐ. ആര്‍.രാജീവ്, എസ്.ഐ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version