Site icon Fourteen Kerala – 14 Kerala News

കാളികാവില്‍ വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

കാളികാവ്: മലപ്പുറം കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ജുനൈദ് ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു.

കുഞ്ഞിനെ ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാളികാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മോശമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പിതാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബാലനീതി വകുപ്പടക്കം ചുമത്തിയാണ് ജുനൈദിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഭാര്യയെയും കുഞ്ഞിനെയും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കാളികാവില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മറ്റൊരു രണ്ടരവയസ്സുകാരി കൊല്ലപ്പെട്ടത്. കാളികാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) ആണ് രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുന്‍പേയാണ് സമാനരീതിയില്‍ മറ്റൊരു കുഞ്ഞിന് നേരേയും അതിക്രമമുണ്ടായിരിക്കുന്നത്.

Exit mobile version