Site icon Fourteen Kerala – 14 Kerala News

ബിലീഷിന്റെ ഹൃദയം ഇനിയും തുടിക്കും; കണ്ണുകൾ വെളിച്ചമേകും

പേരാമ്പ്ര (കോഴിക്കോട്) : ചെറുവണ്ണൂർ പന്നിമുക്കിലെ തട്ടാന്റവിട ബിലീഷിന്റെ (47) ഹൃദയവും കരളും ഇനി മറ്റുള്ളവരിൽ തുടിക്കും. കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമാകും. ലോകത്തുനിന്ന് വിടപറയുമ്പോഴും അവയവദാനത്തിലൂടെ മറ്റുള്ളവരിൽ ജീവിക്കാനുള്ള നിയോഗം.

നാട്ടിൽ പൊതുപ്രവർത്തകനായി രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ബിലീഷ്. നാട്ടിലെ എല്ലാകാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന യുവാവിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം താങ്ങാവുന്നതിനപ്പുറമായിരുന്നു ആ വേർപാട്. എന്നാൽ, വേദനകൾക്കിടയിലും അവയവദാനത്തിന് ബന്ധുക്കൾ സമ്മതമേകി, അതുവഴി മറ്റുചിലർക്ക് പുതിയ ജീവിതവുമാകും.

ഈമാസം 11-നാണ് രക്തസമ്മർദം കൂടി ബിലീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സംസാരിച്ചുതുടങ്ങിയെങ്കിലും വീണ്ടും ആരോഗ്യാവസ്ഥ വഷളായി വെന്റിലേറ്ററിലാവുകയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്, ഭാര്യ സിന്ധുവും ബന്ധുക്കളും അവയവദാനത്തിന് സമ്മതമേകി.

ശനിയാഴ്ച അവയവദാന ശസ്ത്രക്രിയ പൂർത്തീകരിച്ച് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച രാവിലെ പത്തോടെ ബിലീഷിന് ജന്മനാട് വിട നൽകി. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയായിരുന്നു ബിലീഷ്. പരേതനായ ബാലന്റെയും ലീലയുടെയും മകനാണ്.

പന്നിമുക്കിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ കെ. ഷിഗിൽ അധ്യക്ഷനായി. ഇ.കെ. സെമീർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ഷൈജ, എ. ബാലകൃഷ്ണൻ, ആർ.പി. ശോഭിഷ്, എം.പി കുഞ്ഞികൃഷ്ണൻ, അശോകൻ, കെ. രാജൻ, മനോജ് , സി.കെ. വിനോദ്, പട്ടയാട്ട് അബ്ദുള്ള, കുഞ്ഞിരാമൻ, ഒ.പി. കുഞ്ഞബ്ദുള്ള, വി. ദാമോദരൻ, നിസാർ പലോളി, അബ്ദുള്ള കുറിഞ്ഞേരി, പ്രദീപൻ എം.വി. വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version