Site icon Fourteen Kerala – 14 Kerala News

ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് ;രാധിക ശരത്കുമാർ മത്സരിക്കും

തമിഴ്നാട് : ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്.സിനിമാ താരം രാധിക ശരത്കുമാർ ബി ജെ പി സ്ഥാനാർഥിയായി തമിഴ്നാട് വിരുദുനഗറിൽ നിന്ന് മത്സരിക്കും. നേരത്തെ കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ പരിഗണിച്ചിരുന്നത്.എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ വിരുദുനഗര്‍ സീറ്റിലേക്കായി. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉൾപ്പെട്ട പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്നാട്ടിൽ പുറത്തുവിട്ടത്.

എ ഐഎഡിഎംകെ വിട്ട് ബിജെപിയിൽ എത്തിയ പി കാർത്തിയായനി, ചിദംബരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും.തെങ്കാശിയിൽ നിന്ന് ജോൺ പാണ്ഡ്യൻ, മധുരയിൽ നിന്ന് പ്രൊഫ. രമ ശ്രീനിവാസൻ, ശിവ​ഗം​ഗയിൽ നിന്ന് ദേവനാഥൻ യാദവ്, തിരുപ്പൂരിൽ നിന്ന് എ പി മുരു​ഗാനന്ദം എന്നിവർ മത്സരിക്കും.മുൻപ് മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്രമന്ത്രി എല്‍ മുരുഗനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുക. എല്‍ മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയിൽ നിന്നും ഡോ. എ സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും. തമിഴകത്തെ സൂപ്പര്‍ താരമായിരുന്ന വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരനെയാണ് രാധിക വിരുദുനഗറില്‍ എതിരിടേണ്ടി വരിക.

ആഴ്ചകള്‍ക്ക് മുമ്പാണ് ശരത് കുമാറിന്‍റെ പാര്‍ട്ടി ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ ബിജെപിയില്‍ ലയിച്ചത്. ഇതിന് മുമ്പ് മോദിയുടെ കന്യാകുമാരി റാലിയില്‍ തന്നെ ശരത് കുമാറും രാധികയും പങ്കെടുത്തിരുന്നു. ഇരുവരും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന സൂചന അന്നേ വന്നതാണ്. വിജയകാന്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഡിഎംഡികെ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് നേരിടുകയാണ്. വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരൻ തന്നെ നേരിട്ട് മത്സരത്തിനിറങ്ങുകയാണ് വിരുദുനഗറിൽ.ഇതോടുകൂടി ഈ മണ്ഡലം ഇക്കുറി താരപ്രഭയില്‍ മിന്നും.

Exit mobile version