Site icon Fourteen Kerala – 14 Kerala News

തമിഴകത്തെ സൂപ്പര്‍ കിങ്‌സ്

ചെന്നൈ ചെപ്പോക്ക് മൈതാനത്ത് വെള്ളിയാഴ്ച ഐ.പി.എല്‍. ആവേശത്തിന്റെ വിസില്‍ മുഴങ്ങുമ്പോള്‍ തമിഴ് രാഷ്ട്രീയത്തിലെ ‘ക്യാപ്റ്റന്‍ കൂള്‍’ തിരുച്ചിറപ്പള്ളിയിലെ ക്രീസില്‍ കളി തുടങ്ങിയിട്ടുണ്ടാകും. ത്രികോണമത്സരത്തില്‍ സാഹചര്യം അനുകൂലമായിരിക്കുമെന്ന കണക്കുകൂട്ടലിലാണെങ്കിലും വിശദമായ നെറ്റ് പ്രാക്ടീസിനുശേഷമാണ് സ്റ്റാലിന്‍ തിരുച്ചിറപ്പള്ളിയില്‍നിന്ന് പ്രചാരണം തുടങ്ങുന്നത്.

അഭിപ്രായ സര്‍വേകള്‍ ഡി.എം.കെ.യുടെ അശ്വമേധം പ്രവചിക്കുമ്പോള്‍ തമിഴകത്തില്‍ സ്‌കോര്‍ബോര്‍ഡ് തുറക്കാനാണ് ബി.ജെ.പി.യുടെ പടയൊരുക്കം. ട്വന്റി 20 മത്സരത്തെ പരിഗണിക്കാത്ത ഏകദിന സ്‌പെഷ്യലിസ്റ്റിനെപ്പോലെ നിയമസഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കുന്ന എടപ്പാടി പളനിസ്വാമി ലോക്സഭയെ കാര്യമാക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, കളിയടുത്തതോടെ കളംമാറി. ഇന്ത്യ സഖ്യത്തിന് അനുകൂലമായ പിച്ചാണ് നിലവില്‍ തമിഴകത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

ഇടതുപക്ഷം, കോണ്‍ഗ്രസ്, ദളിത് പാര്‍ട്ടിയായ വി.സി.കെ., മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുമായി ഒരു സമീകൃതമുന്നണിയാണ് ഡി.എം.കെ.യുടെ കരുത്ത്. പാര്‍ട്ടി മത്സരിക്കുന്ന 21 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സ്റ്റാലിന്‍, 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡറടക്കം വന്‍ വാഗ്ദാനങ്ങളുമായി പ്രകടനപത്രികയും പുറത്തിറക്കി.

കനിമൊഴി, ടി.ആര്‍. ബാലു, എ. രാജ, ദയാനിധി മാരന്‍ എന്നിവര്‍ക്കൊപ്പം 11 പുതുമുഖങ്ങളും ഡി.എം.കെ.യുടെ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ഡി.എം.കെ.യുടെ തണലില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കഴിഞ്ഞതവണത്തെപ്പോലെ കരുത്തുകാട്ടാമെന്ന പ്രതീക്ഷയിലാണ്.

കാര്യമായ സഖ്യമില്ലാതെ 32 സീറ്റുകളില്‍ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ.യും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി. പളനിസ്വാമിയും തിരുച്ചിറപ്പള്ളിയില്‍നിന്നാണ് പ്രചാരണം തുടങ്ങുന്നത്. ബി.ജെ.പി.ക്കും പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയ്ക്കും ജീവന്മരണപോരാട്ടമാണ്.

Exit mobile version