Site icon Fourteen Kerala – 14 Kerala News

പിണറായിക്കും കെജ്‌രിവാളിന്റെ ഗതി വരും, 2029-ല്‍ കേരളത്തില്‍ BJP മുഖ്യമന്ത്രി- പി.സി. ജോര്‍ജ്

കോഴിക്കോട്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോര്‍ജ്. വൈകാതെ പിണറായിക്കും കെജ്‌രിവാളിന്റെ ഗതി വരുമെന്നും 2029-ല്‍ കേരളത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി മുഖ്യമന്ത്രി ഇപ്പോള്‍ ജയിലില്‍ ആണ്. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓര്‍ക്കണമായിരുന്നു. കെജ്‌രിവാള്‍ അകത്ത് പോയപ്പോള്‍ പിണറായിക്കാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. പിണറായി വിജയന്‍ പേടിച്ചിരിക്കുന്നു. ഉടന്‍ പിണറായിക്കും കെജ്‌രിവാളിന്റെ ഗതി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കെജ്‌രിവാളിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാന്‍ തയ്യാറായില്ല? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. 2026-ല്‍ കേരളം ആര് ഭരിക്കണം എന്ന് ബി.ജെ.പി. തീരുമാനിക്കും. 2029-ല്‍ ബി.ജെ.പി. മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മലബാറിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളണം. മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ പോലും തയ്യാറാവുന്നില്ല. ഹമാസ് കടന്നുകയറ്റക്കാരന്‍ ആണെന്ന് ഉള്‍ക്കൊള്ളാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തയ്യാറാവുന്നില്ല. മലബാറിലെ ന്യൂനപക്ഷ പിന്തുണ പ്രതീക്ഷിച്ചാണ് പലസ്തീന്‍ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും കോഴിക്കോട്ട് നടത്തിയതെന്നും ജോര്‍ജ് ആരോപിച്ചു.

ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ വെള്ളിയാഴ്ച എന്ന് പറഞ്ഞ് ഇറങ്ങി എല്ലാം. അതിന് യു.ഡി.എഫും എല്‍.ഡി.എഫും പിന്തുണ നല്‍കി. ജുമാ 12.30 വരെ അല്ലെ ഉള്ളൂ. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിര്‍ക്കാറില്ല. ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക് പ്രമാണങ്ങളില്‍ ഉള്ള ദിവസമാണ്. ക്രിസ്ത്യാനികളില്‍ വലിയ ഒരു വിഭാഗം കോൺഗ്രസിനെ വിശ്വസിച്ച് നിന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല. ക്രിസ്ത്യാനികളുടെ മനസ് മാറുന്നതില്‍ കോണ്‍ഗ്രസ് വിഷമിച്ചിട്ട് കാര്യം ഇല്ലെന്നും ജോര്‍ജ് പറഞ്ഞു.

Exit mobile version