Site icon Fourteen Kerala – 14 Kerala News

ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച്‌ അഭിഭാഷകൻ; ബോണ്ട് വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച്‌ അഭിഭാഷകൻ. ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂർണ്ണമായ ഡാറ്റ നല്‍കിയത് സംബന്ധിച്ച ഹർജികള്‍ ഭരണഘടന ബെഞ്ച് പരിഗണിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്.
ഇലക്ടറല്‍ ബോണ്ട് കേസ് ന്യായമായ പ്രശ്നമല്ലെന്ന് പറഞ്ഞ അഭിഭാഷകനായ മാത്യൂസ് നെടുമ്ബാറ കേസ് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെടുകയായിരുന്നു. താൻ പറയുന്നത് ശ്രദ്ധിക്കാൻ പറഞ്ഞതോടെ അഡ്വ. നെടുമ്ബാറ താൻ ഇന്ത്യൻ പൗരനാണെന്ന് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയർത്തി. ഇതോടെ തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും നിങ്ങള്‍ കോടതിയിലാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എന്റെ തീരുമാനം ഞാൻ വ്യക്തമാക്കി കഴിഞ്ഞു. ഒരു ഹർജി ഫയല്‍ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കില്‍ അത് നല്‍കണം. അതാണ് ഈ കോടതിയിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും അഡ്വ. മാത്യൂസ് നെടുമ്ബാറ സംസാരിച്ച്‌ തുടങ്ങിയതോടെ ജസ്റ്റിസ് ബി.ആർ. ഗവായ് ഇടപെട്ടു. നീതിനിർവഹണ പ്രക്രിയയില്‍ തടസ്സം നില്‍ക്കുകയാണ് നെടുമ്ബാറ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിഭാഷകൻ വീണ്ടും വാഗ്വാദം തുടരുകയായിരുന്നു. നിർദിഷ്ട നടപടിക്രമം പാലിക്കുന്നത് വരെ ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ലെന്ന് ബെഞ്ച് ഇതോടെ നിലപാടെടുത്തു.

ഇടപെടാൻ ശ്രമിച്ച മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയുടെയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗർവാലയുടെയും വാദം കേള്‍ക്കാനും കോടതി വിസമ്മതിച്ചു. മുൻകാലങ്ങളില്‍ അഭിഭാഷകൻ നേരിട്ട കോടതിയലക്ഷ്യ നടപടിയെക്കുറിച്ചും ബെഞ്ച് ഓർമിപ്പിച്ചു. 2019-ല്‍ നെടുമ്ബാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി അദ്ദേഹത്തെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ഒരു വർഷത്തേക്ക് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍നിന്നു വിലക്കുകയും ചെയ്തു.

Exit mobile version