Site icon Fourteen Kerala – 14 Kerala News

രോഗിയുമായി പോയ ഓട്ടോറിക്ഷയ്ക്ക് കുറുകെ മ്ലാവ് ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഇടുക്കി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്.കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

റോഡിന്‍റെ ഇടതുവശത്ത് നിന്നും ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് വട്ടം ചാടുകയതോടെയായിരുന്നു ഓട്ടോ മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. വാരിയെല്ലുകള്‍ തകർന്നുള്ള രക്തസ്രാവമാണ് മരണകാരണമായത്.

രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്ബോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വിജില്‍ മരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വിജിലിന്‍റെ മാതാവ്: സരള. ഭാര്യ: രമ്യ. മക്കള്‍: അതുല്യ, ആരാധ്യ. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് രാജഗിരി ആശുപത്രിയില്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Exit mobile version