Site icon Fourteen Kerala – 14 Kerala News

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോ​ഗം; അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു: മന്ത്രി

ആലപ്പുഴ ജില്ലയിലെ നെടുമുടി എൻ.എസ്.എസ്.എച്ച്.എസ് ലെ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇന്ന് (06.03.2024) ന് രാവിലെ 9.30 മുതൽ 12.15 വരെ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരിൽ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഫോണുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ ഇത് പാലിക്കാൻ അപൂർവ്വം ചിലർ മടി കാണിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version