Site icon Fourteen Kerala – 14 Kerala News

‘ടി.പി വധക്കേസില്‍ ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ല, ‘നിരപരാധികള്‍ക്ക് നീതി തേടി മേല്‍ക്കോടതിയില്‍ പോകാം’ : ഇ.പി. ജയരാജന്‍

കണ്ണൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സി.പി.എമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പാർട്ടി കേസില്‍ കക്ഷിയല്ല.

നിരപരാധികളായ പാർട്ടി നേതാക്കളെ കേസില്‍ പെടുത്തുകയായിരുന്നു. നിരപരാധികള്‍ക്ക് നീതി തേടി മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

അന്തിമവിധി പ്രഖ്യാപനമല്ല വന്നത്. സി.പി.എമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാം. നിരപരാധികള്‍ക്ക് ഇനിയും കോടതിയെ സമീപിക്കാം. മോഹനൻ മാസ്റ്ററെ പ്രതിചേർക്കാൻ ശ്രമിച്ചില്ലേ. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. മരണപ്പെട്ട ആളെയും ശിക്ഷിച്ചു. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാമെന്നും ഇ.പി പറഞ്ഞു.

ലീഗിനെ കോണ്‍ഗ്രസ് പരിഹസിക്കുകയാണെന്ന് മൂന്നാം സീറ്റ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്.

ഇന്നത്തെ സ്ഥിതിയില്‍ രാജ്യസഭയില്‍ ജയിക്കാൻ ലീഗിന് കോണ്‍ഗ്രസിന്‍റെ സഹായം വേണ്ട. രണ്ട് സീറ്റില്‍ എല്‍.ഡി.എഫ് ജയിക്കും. മൂന്നാമത്തെ സീറ്റില്‍ ലീഗിന് തനിച്ച്‌ ജയിക്കാൻ കഴിയും. കേരളത്തില്‍ യു.ഡി.എഫ് ദുർബലപ്പെട്ടു. കോണ്‍ഗ്രസില്‍ തമ്മിലടിയാണ്. ആർ.എസ്.എസിനെതിരെ നില്‍ക്കാല്‍ യു.ഡി.എഫിന് ത്രാണിയില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Exit mobile version