Site icon Fourteen Kerala – 14 Kerala News

ജേസൻ റോയ്ക്ക് ഫിഫ്റ്റി; ബംഗ്ലാദേശിന് തുടർച്ചയായ രണ്ടാം തോൽവി

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിന് തുടർച്ചയായ മൂന്നാം തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ബംഗ്ലാദേശ് 8 വിക്കറ്റിൻ്റെ കനത്ത തോൽവി വഴങ്ങിയത്. ബംഗ്ലാദേശ് മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 14.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 61 റൺസെടുത്ത ജേസൻ റോയ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി.

39 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടോടെ മികച്ച തുടക്കമാണ് ജോസ് ബട്ട്‌ലറും ജേസൻ റോയും ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ബട്ട്‌ലറെ (18) നസും അഹ്മദ് പുറത്താക്കിയതിനു പിന്നാലെ ക്രീസിൽ ഒത്തുചേർന്ന റോയ്-ഡേവിഡ് മലാൻ സഖ്യം ബംഗ്ലാദേശിൻ്റെ വിധിയെഴുതി. 73 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഇതിനിടെ 33 പന്തുകളിൽ റോയ് ഫിഫ്റ്റി തികച്ചു. അനായാസ ജയത്തിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നതിനിടെ റോയ് വീണു. 38 പന്തുകളിൽ 61 റൺസെടുത്ത റോയ് ഷൊരീഫുൽ ഇസ്ലാമിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പുറത്താവാതെ നിന്ന മലാൻ (28), ജോണി ബെയർസ്റ്റോ (8) എന്നിവരാണ് ഇംഗ്ലണ്ടിനു ജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. ഇംഗ്ലണ്ടിൻ്റെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ചൂളിപ്പോയ ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിനു വെല്ലുവിളി ഉയർത്തിയില്ല. 29 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി തൈമൽ മിൽസ് മൂന്നും മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version