Site icon Fourteen Kerala – 14 Kerala News

ഹാക്കർമാരുടെ ഭീഷണി; സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരും വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പൊലീസ് അറിയിച്ചു.

‘സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ ഇപ്പോൾ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി.

ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം തുടങ്ങിയവ സോഷ്യൽമീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാർ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്.

സമൂഹ മാധ്യമ കമ്പനികളിൽ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ, യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യു’മെന്ന് കേരളം പോലീസിന്റെ ഫേസ്ബുക് പേജിൽ നൽകിയിരിക്കുന്നത്.

Exit mobile version