Site icon Fourteen Kerala – 14 Kerala News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ; സ്വര്‍ണം തൊട്ടരികെ

ഹാങ്ചൗ: ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലില്‍ കടന്നത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. മൂന്ന് താരങ്ങള്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. നാല് ഓവറില്‍ വെറും 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോറാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

Exit mobile version