Site icon Fourteen Kerala – 14 Kerala News

ഏഷ്യൻ ഗെയിംസ്; മിക്‌സഡ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളിയായ ദീപിക പള്ളിക്കല്‍- ഹരീന്ദര്‍ പല്‍ സിങ് സന്ധു സഖ്യമാണ് ഇന്ത്യക്ക് സുവര്‍ണത്തിളക്കം നേടിക്കൊടുത്തത്. ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യയെ 2-0ത്തിന് തകര്‍ത്താണ് ഒന്നാം സീഡായ ഇന്ത്യ ഒന്നാമതെത്തിയത്. ഗെയിംസിന്റെ 12-ാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്. അതേസമയം ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചിരുന്നു.

പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആണ് സെമിയിലെത്തിയിരിക്കുന്നത്. ഇതുവരെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 83 ആയി. 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.

Exit mobile version