Site icon Fourteen Kerala – 14 Kerala News

ലോകകപ്പ് ആവേശത്തിൽ ക്രിക്കറ്റ് ലോകം; ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കമാകും

ന്യൂഡൽഹി : ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13-ാംപതിപ്പിന് തുടക്കമാവുക.

വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌.

ഇക്കുറി 10 ടീമുകളാണ്‌ ലോകകപ്പിനായി പോരടിക്കുന്നത്‌. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും കപ്പ് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ്‌ നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ.

എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ്‌ മത്സരക്രമം. ആദ്യ നാല്‌ സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികളാണ്‌. നവംബർ 15ന്‌ മുംബൈയിലും 16ന്‌ കൊൽക്കത്തയിലുമാണ്‌ സെമി. ഫൈനൽ മത്സരംനവംബർ 19ന്‌ അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ.

Exit mobile version