Site icon Fourteen Kerala – 14 Kerala News

കുട്ടികള്‍ക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ : കുട്ടികള്‍ക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴയിലെ ബെവ്കോ ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.

ഓഗസ്റ്റ് 25ന് നാല് കുട്ടികൾ മദ്യലഹരിയിൽ മൂവാറ്റുപുഴ ജനതാ കടത്തിന് സമീപം പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലെ ഓണാഘോഷത്തിന് ശേഷമാണ് കുട്ടികള്‍ മദ്യപിക്കാന്‍ പുഴയോരത്ത് എത്തിയത്. ഒരു വിദ്യാര്‍ത്ഥി ലക്കുകെട്ട് കുഴഞ്ഞുവീണു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വിമര്‍ശനം ഉയര്‍ന്നു.

കുട്ടികളോട് അന്വേഷിച്ചപ്പോള്‍ സഹപാഠികളില്‍ ചിലരാണ് മദ്യം നല്‍കിയതെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യം വാങ്ങിയത് മൂവാറ്റുപുഴയിലെ ബിവറേജില്‍ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിനു ശേഷമാണ് കേസെടുത്തത്.

18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം പ്രായപൂ‍ര്‍ത്തിയാകാത്ത ആര്‍ക്കും മദ്യം നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് പിന്നില്‍ ഇടനിലക്കാരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version