Site icon Fourteen Kerala – 14 Kerala News

വ്യാപാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലയാളി യുവാവും യുവതിയും പൊലീസ് പിടിയിൽ

ബെംഗളൂരു : മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരിയിൽ നിന്നും പണം തട്ടിയ മലയാളി യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും പങ്കാളികളുമായ തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് പിടിയിലായത്.

ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയെ ആണ് മദ്യകച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഇരുവരും പറ്റിച്ചത്. വ്യാപാരിയിൽ നിന്നും 65 ലക്ഷം രൂപയാണ് സുബീഷും ശിൽപയും തട്ടിയെടുത്തത്. എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് പിടിയിലായ ശിൽപ. കേരളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടുന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.

ഇരുവരും ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് ഇവരെ വിശ്വസിച്ച് പണം കൈമാറിയത്. എന്നാൽ പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും വ്യാപാരം തുടങ്ങിയില്ല. ഇതോടെ കമലേഷ് പണം തിരികെ ആവശ്യപ്പെട്ടു. പക്ഷേ യുവാവും യുവതിയും പണം തിരിച്ചുകൊടുത്തില്ല. ഇതോടെയാണ് വ്യാപാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version