Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു; രണ്ടു പേർ അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ നിന്ന് 5 കിലോഗ്രാം കഞ്ചാവ് തൃശൂർ കസ്റ്റംസ് ആൻഡ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പിടികൂടി. കടയുടമയും ജീവനക്കാരനും കസ്റ്റഡിയിൽ. കടയുടമ നെടുപുഴ സ്വദേശി 33 വയസ്സുള്ള വിഷ്ണു, ജീവനക്കാരൻ പാലക്കാട് സ്വദേശി 27 വയസ്സുള്ള ആഷിക് എന്നിവരാണ് പിടിയിലായത് . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണത്തിനു മൊടുവിലാണ് പ്രതികൾ വലയിലായത്. തൃശൂർ കസ്റ്റംസിന് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയ ഗുവാഹട്ടിയിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തൃശ്ശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹട്ടിയിൽ നിന്ന് കഞ്ചാവ് സ്പീഡ് പോസ്റ്റിൽ വരുന്നുണ്ടെന്ന സൂചനയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കസ്റ്റംസിന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ട് ഫിറ്റ്നെസ് സെൻററുകളുടെയും ഒരു പ്രോട്ടീൻ പൗഡർ വിൽപ്പന കേന്ദ്രത്തിന്റെയും ഉടമയാണ് പ്രതിയെന്ന് മനസ്സിലാക്കിയതോടെ കസ്റ്റംസ് വല വിരിക്കുകയായിരുന്നു. പൂത്തോൾ പോസ്റ്റ് ഓഫീസിൽ നിന്ന് ബന്ധപ്പെട്ട വിലാസത്തിലെ ഫോൺ നമ്പർ മനസ്സിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീഡ് പോസ്റ്റിൽ വന്ന കടലാസുപെട്ടി ഡെലിവറി ചെയ്യുന്നത് തടഞ്ഞ് ഫോൺ നമ്പർ ഉടമയായ പ്രോട്ടീൻ മാളിലെ ജീവനക്കാരനെ കടയിൽ നിന്ന് കൊണ്ടുപോയി സ്പീഡ് പോസ്റ്റിൽ വന്ന പെട്ടി ഏറ്റെടുക്കുകയായിരുന്നു. പെട്ടിയിലുണ്ടായിരുന്നത് ഗ്രീൻ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവായിരുന്നു.

പ്രതി വിഷ്ണു വാട്സാപ്പ് ചാറ്റിലൂടെ നടത്തുന്ന വില്പനയ്ക്ക് തൃശ്ശൂരിലെ ഉന്നത ശ്രേണിയിലുള്ള ആളുകളാണ് ഇടപാടുകാരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ വിലാസത്തിൽ നാല് തവണ ഗുവാഹട്ടിയിൽ നിന്ന് കഞ്ചാവ് എത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസ്, എക്സൈസ് അധികൃതർ. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എം എസ് ദേശാനന്ദൻ ,കസ്റ്റംസ് ആൻഡ് പ്രിവൻറ്റീവ് ഡിവിഷൻ സൂപ്രണ്ട് മാരായ പി ഗിരീഷ് ബാബു , രാധ വിജയരാഘവൻ , സി സി ഹാൻസൺ , കസ്റ്റംസ് ആൻഡ് പ്രിവന്റീവ് യൂണിറ്റ് സൂപ്രണ്ട് മാരായ കെ നന്ദകുമാർ, ടി വി മനോജ് കുമാർ, നാർക്കോട്ടിക് യൂണിറ്റ് സൂപ്രണ്ട് ടി എ ജോൺസൺ ,കസ്റ്റംസ് ഇൻസ്പെക്ടർ ടി എസ് അഭിലാഷ് , ഹവിൽദാർമാരായ എ ആർ പ്രദീപ് , വി സരോജിനി എന്നിവരാണ് കഞ്ചാവ് പിടികൂടിയ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version