Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരിൽ പാർട്ടി ഡ്രഗ്ഗുമായി രണ്ട് പേര്‍ പിടിയിൽ

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചിയ്യാരത്ത് പാർട്ടി ഡ്രഗ് ആയ മെത്താഫിറ്റമിനുമായി രണ്ട് പേര്‍ നെടുപുഴ പോലീസിന്‍റെ പിടിയിലായി. 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും ഇവരില്‍ നിന്നും കണ്ടെടുത്തു. നെടുപുഴ സ്വദേശി പുല്ലാനി വീട്ടില്‍ 22 വയസ്സുള്ള ആരോമൽ , കുന്നംകുളം, ചൂണ്ടൽ, പുതുശ്ശേരി സ്വദേശി 28 വയസ്സുള്ള പണ്ടാര പറമ്പിൽ ഷനജ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ അര്‍ദ്ധരാത്രി ചിയ്യാരം ആല്‍ത്തറക്ക് അടുത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ സഹിതം പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ബാംഗ്ലൂരിൽ നിന്നും ഇവർ വലിയ അളവിൽ മയക്കുമരുന്ന് വിൽപനയ്ക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുദിവസമായി പോലീസ് നിരന്തരമായി ഇവരെ പിന്തുടരുകയായിരുന്നു.

പിടിയിലായവരില്‍ ഷനജ് നാട്ടിൽ അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ പുത്തൂരിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. പ്രതികളായ ഷാനുവും ആരോമലും തൃശ്ശൂരിലും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് രാത്രികാലങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പണം നൽകാൻ കഴിയാത്ത യുവാക്കളുടെ മൊബൈൽ ഫോൺ ഈടായി വാങ്ങി വെച്ചും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.പിടികൂടിയ മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. നെടുപുഴ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍റ് ചെയ്തു.

Exit mobile version