Site icon Fourteen Kerala – 14 Kerala News

സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ആൽ മരം കടപുഴകി വീണു

ഹരിപ്പാട്: സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ആൽ മരം കടപുഴകി വീണു. പള്ളിപ്പാട് വഴുതാനം ഗവ. യുപി സ്കൂളിന്റെ മുകളിലേക്കാണ് മുറ്റത്തുനിന്ന കൂറ്റൻ ആൽമരം കടപുഴകി വീണത്. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഓഫീസ് റൂമും ക്ലാസ് മുറികളും പ്രവർത്തിക്കുന്നു പ്രധാന കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. ഓട് പാകിയിരുന്ന മേൽക്കൂരയും ഓഫീസ് മുറിയും ഫർണ്ണിച്ചറുകളും തകർന്നു.

കുട്ടികളും അധ്യാപകരും ക്ലാസ് മുറികളിൽ ആയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. വലിയ പുളിവാക മരവും സ്കൂൾ മുറ്റത്ത് നിൽപ്പുണ്ട്. ഈ രണ്ടു മരങ്ങളും ഉയർത്തുന്ന ഭീഷണി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. അവരുടെ നിർദ്ദേശപ്രകാരം ആൽമരത്തിന്റെ കുറച്ചു കൊമ്പുകൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

പൊതുവെ വെള്ളക്കെട്ട് പ്രദേശമാണ് ഇവിടം. ജൂൺ 29 -ന് സ്കൂളിന്റെ പിൻഭാഗത്തുള്ള ചുറ്റുമതിൽ ഇടിഞ്ഞു വീണിരുന്നു. ആൽമരം വീണ സാഹചര്യത്തിൽ സ്കൂൾ മുറ്റത്ത് നിൽക്കുന്ന പുളിവാകയും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികൾ സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുന്ന സമയത്താണ് മരം വീണതെങ്കിൽ ഉണ്ടാകുമായിരുന്ന അപകടം ഭയാനകമായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിഴുതു വീണ ആൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി.

Exit mobile version