Site icon Fourteen Kerala – 14 Kerala News

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു.

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ്, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ കൊക്കയാറില്‍ നിന്ന് ആറുമൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഫൗസിയ, അമീന്‍ സിയാദ്, അംന സിയാദ്, അസ്‌ന ഫൈസല്‍, അഹിയാന്‍ ഫൈസല്‍, ഷാജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതില്‍നാലുപേരും കുട്ടികളാണ്.
രാവിലെ മുതല്‍ കൊക്കയാറില്‍ മഴ ദുര്‍ബലമായത് രക്ഷാപ്രവര്‍ത്തനത്തിന് അനകൂലമായി. ഹിറ്റാച്ചി ഉള്‍പ്പെടെ എത്തിച്ച് മണ്ണുമാറ്റിയാണ് തെരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്.

അതിനിടെ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി, കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ രാത്രി ശക്തമായ മഴ പെയ്തു. പുലര്‍ച്ചെയോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിക്കുക

Exit mobile version